മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസാക്കി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും പാസാക്കി. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തു.
മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്ല്. ഇത്തരത്തില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കാനുള്ള ചട്ടങ്ങള്‍ ബില്ലിലുണ്ട്. ബില്ല് പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ്‌, ജെഡിയു, തൃണമുല്‍ കോണ്‍ഗ്രസ്‌ കക്ഷികള്‍ ബില്ലില്‍ പ്രതിഷേധിച്ച്‌ സഭയില്‍ നിന്ന് വോട്ടെടുപ്പിന് മുന്നെ ഇറങ്ങിപ്പോയി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്.മുത്തലാഖ് ബില്‍ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2017 മുതല്‍ മുത്തലാഖുമായി ബന്ധപ്പെട്ട് 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ബില്‍ രാജ്യസഭയില്‍ കൂടി പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം.

മുത്തലാഖ് നിരോധിച്ച്‌ സുപ്രീംകോടതി ഇറക്കിയ ഉത്തരവിലെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.2017 ലാണ് രാജ്യത്ത് മുത്തലാഖ് നിരോധനം കൊണ്ടുവന്നത്. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി രാജ്യത്ത് മുത്തലാഖ് നിരോധിക്കുന്നതായി ഉത്തരവിടുകയായിരുന്നു.

അതിനുശേഷം 2017 ഡിസംബര്‍ 27-നാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍ എന്ന മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.2018 ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *