മുത്തലാഖ് ബില്ലിനുപിന്നില്‍ ആര്‍.എസ്.എസിന്റെ വര്‍ഗീയ അജന്‍ഡ -കോടിയേരി

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ തിരക്കിട്ട് കൊണ്ടുവന്നതിനുപിന്നില്‍ ആര്‍.എസ്.എസിന്റെ വര്‍ഗീയ അജന്‍ഡയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം. വയനാട് ജില്ലാസമ്മേളനത്തിന് സമാപനംകുറിച്ചുനടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് നിയമവിരുദ്ധമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചതാണ്. സി.പി.എം. മുത്തലാഖിന് എതിരാണ്. മുസ്ലിംമതവിഭാഗത്തില്‍പ്പെട്ട ഉത്പതിഷ്ണുക്കള്‍ നേരത്തേ മുത്തലാഖിനെതിരേ നിലപാടെടുത്തപ്പോള്‍ സി.പി.എം. അവര്‍ക്കൊപ്പമാണ് നിന്നത്. സദുദ്ദേശ്യപരമായ നിയമനിര്‍മാണത്തിനല്ല ബി.ജെ.പി.സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ െകാണ്ടുവന്നത്. സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനാല്‍ ഇത്തരം നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനും മുസ്ലിം ചെറുപ്പക്കാരെ തടവിലാക്കാനുമുള്ള ആര്‍.എസ്.എസിന്റെ ശ്രമമാണിത് ഇതിനുപിറകില്‍.

സി.പി.എം. എല്ലാ മതങ്ങളിലുമുള്ള അനാചാരത്തിനെതിരായ പോരാട്ടത്തിനൊപ്പമാണ്. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരേ എന്തുകൊണ്ടാണ് ബി.ജെ.പി. ബില്‍ കൊണ്ടുവരാത്തത്.

എല്ലാമതത്തിലെയും ഉത്പതിഷ്ണുക്കളുടെയും ശബ്ദം സി.പി.എം. ഏറ്റെടുക്കും. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരായ ഒരുപോരാട്ടത്തിലും ആര്‍.എസ്.എസ്. പങ്കെടുത്തിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ അനാചാരങ്ങളുടെയും സംരക്ഷകരാണ് അവര്‍. അവരുടെ മുസ്ലിംവിരുദ്ധ മനോഭാവം നഗ്നമായി പുറത്തുകൊണ്ടുവരുന്നതാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍. ഏത് ബില്‍വന്നാലും ആവശ്യമായ ചര്‍ച്ചകള്‍ നടത്താറുണ്ട്. ഈ ബില്‍ ഒറ്റദിവസംകൊണ്ട് പാസാക്കാന്‍ ബി.ജെ.പി. ധൃതികാണിക്കുന്നത് വര്‍ഗീയ അജന്‍ഡയുടെ തെളിവാണ്.

ക്രിസ്മസ് ആഘോഷം രാജ്യത്ത് ഇത്തവണ പലയിടത്തും ബി.ജെ.പി. സര്‍ക്കാരുകള്‍ തടഞ്ഞു. പള്ളികളില്‍ ആരാധന നടത്താന്‍പോലും പലയിടത്തും സമ്മതിച്ചില്ല. ക്രൈസ്തവസഹോദരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ വിശ്വാസംനഷ്ടപ്പെട്ടതായി ആര്‍ച്ച്‌ ബിഷപ്പിനുതന്നെ പറയേണ്ടിവന്നു. മാര്‍പാപ്പ ഏഷ്യന്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ക്രിസ്തീയസഭകള്‍ ആവശ്യപ്പെട്ടിട്ടും ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍തന്നെയാണ് അവരെ വേട്ടയാടുന്നത്. വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ മാര്‍പാപ്പ ഇന്ത്യയില്‍വന്നിരുന്നു. അന്ന് അതിനെതിരേ രാജ്യവ്യാപകമായി ആര്‍.എസ്.എസ്. നടത്തിയ പ്രചാരണത്തിന് നേതൃത്വം കൊടുത്തത് ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയാണ്. മോദിയുടെ ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ അധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദന്‍, മന്ത്രി എം.എം. മണി, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *