പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം: ഒരാള്‍ കൂടി പിടിയില്‍

സാമൂഹിക മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അച്ചതായി പോലീസ് കണ്ടെത്തി.

ഇതേകേസില്‍ കഴിഞ്ഞ ദിവസം വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാള്‍ അറസ്റ്റിലായിരുന്നു. പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് റോജി. എറണാംകുളം സൗത്ത് പോലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്.

മമ്മൂട്ടി ചിത്രമായ ‘കസബ’യെ വിമര്‍ശിച്ചതിന്റെപേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കുനേരേ അസഭ്യവര്‍ഷവും ഭീഷണിയുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍വതി ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരുന്നത്. വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഡിസംബര്‍ 24-നാണ് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന് പാര്‍വതി പരാതി നല്‍കുന്നത്. ഐ.ജി.യുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ. സിബി ടോമിന്റെ നേതൃത്വത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കേസന്വേഷണം ആരംഭിച്ചു. കേസില്‍ രപിടിയിലാകുന്ന രണ്ടാമത്തെയാലാണ് റോജിന്‍.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുനടന്ന ഓപ്പണ്‍ഫോറത്തിലാണ് കസബ സിനിമയെ വിമര്‍ശിച്ച്‌ പാര്‍വതി സംസാരിച്ചത്. ചിത്രം കടുത്ത സ്ത്രീവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും മലയാളത്തിലെ മഹാനടന്‍ ഇത്തരമൊരു ചിത്രത്തില്‍ അഭിനയിച്ചത് വളരെ സങ്കടകരമാണെന്നുമാണ് പാര്‍വതി പറഞ്ഞത്. ഈ വിഷയം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. തുടര്‍ന്ന് വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ പാര്‍വതിക്കെതിരേ ആക്രമണം നടക്കുകയായിരുന്നു.

പാര്‍വതിയുടെ ഫെയ്സ്ബുക്ക് പേജില്‍ വ്യക്തിഹത്യനടത്തുന്ന തരത്തിലുള്ള അസഭ്യ കമന്റുകള്‍ ധാരാളം വന്നു. പാര്‍വതിയുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും സിനിമ ബഹിഷ്കരിക്കും എന്നരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍ പലരും മുഴക്കി. തുടര്‍ന്നാണ് പാര്‍വതി പരാതിയുമായി രംഗത്തുവന്നത്.

അതേസമയം ഏറെ നാളത്തെ മൗനം ഭേദിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം മ്മൂട്ടി രംഗത്തെത്തി.തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന മമ്മൂട്ടി വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാറില്ലെന്നും അര്‍ഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *