കര്ണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ച മൈസൂരു അര്ബന് ഡെവലപ്മെന്റ് അതോറിറ്റി ഭൂമി ഇടപാട് കേസില് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോടതിയുടെ ക്ലീന് ചിറ്റ്.കേസില് ലോകായുക്ത പോലീസ് സമര്പ്പിച്ച ക്ലോഷര് റിപ്പോര്ട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികള്ക്കായുള്ള പ്രത്യേക കോടതി അംഗീകരിച്ചു. ഇതോടെ സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ ഉയര്ന്ന അഴിമതി ആരോപണങ്ങളില് നിന്ന് അദ്ദേഹം പൂര്ണ്ണമായും മുക്തനായിരിക്കുകയാണ്.
സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാര്വ്വതി, ഭാര്യാ സഹോദരൻ മല്ലികാര്ജുന സ്വാമി, ഭൂവുടമ ദേവരാജ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം തെളിവുകളൊന്നുമില്ലെന്ന് പ്രത്യേക ജഡ്ജി സന്തോഷ് ഗജാനന് ഭട്ട് വ്യക്തമാക്കി. മാസങ്ങള് നീണ്ട അന്വേഷണത്തിന് ഒടുവില് ലോകായുക്ത സമര്പ്പിച്ച റിപ്പോര്ട്ട് കോടതി പൂര്ണമായും ശരിവെച്ചു.മുഖ്യമന്ത്രി ഉള്പ്പെടെയുള്ള പ്രധാന പ്രതികള്ക്ക് ആശ്വാസം ലഭിച്ചെങ്കിലും, കേസില് ഉള്പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്ക്കെതിരെയുള്ള അന്വേഷണം തുടരും.

ഇതിന്റെ അന്തിമ റിപ്പോര്ട്ട് ഫെബ്രുവരി ഒൻപതിനകം സമര്പ്പിക്കാന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്ദ്ദേശം നല്കി.തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സിദ്ധരാമയ്യ ഭാര്യയുടെ പേരില് മൈസൂരുവില് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ക്രമവിരുദ്ധമായി അനുവദിച്ചു എന്നായിരുന്നു പ്രധാന ആരോപണം. സാമൂഹിക പ്രവര്ത്തകനായ സ്നേഹമയി കൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവര്ണര് പ്രോസിക്യൂഷന് അനുമതി നല്കിയത്.













