മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി

ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ തള്ളി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. അക്കാദമിയുടെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ വിഷയത്തില്‍ സിപിഎം-സിപിഐ തര്‍ക്കം സര്‍ക്കാര്‍ തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.

പിണറായി വിജയന്റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തു വന്നു. ലോ അക്കാദമി ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും, റവന്യു വകുപ്പിന്റെ അന്വേഷണം നടക്കുകയാണ്, റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കുമെന്നും കാനം പറഞ്ഞു.

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം ഇപ്പോള്‍ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം നിരവധി ആവശ്യങ്ങള്‍ വരും. ഭൂമി സംബന്ധിച്ച പ്രശ്‌നത്തില്‍ നടപടിയെടുക്കുന്നത് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

ഭൂമി തിരിച്ചെടുക്കണമെന്ന് ഏതോ ഒരു പിള്ളയുടെ കുടുംബം ആവശ്യപ്പെട്ടല്ലോ? ഈ സര്‍ക്കാരോ മുന്‍ സര്‍ക്കാരോ കണ്ടുകെട്ടിയ ഭൂമിയല്ലിത്. സി.പി. രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയ ഭൂമിയാണെന്നും പിണറായി പറഞ്ഞു. അതേസമയം, സുന്ദരന്‍പിള്ളയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് വേദനാജനകമാണെന്ന് കൊച്ചുമകന്‍ എന്‍.വെങ്കടേശന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അറിവില്ലായ്മയാകാം കാരണം, രാഷ്ട്രീയക്കാരെ പോലെ പ്രതികരിക്കാന്‍ അറിയില്ലെന്നും വെങ്കിടേശ് വ്യക്തമാക്കി.

ഭരണമുന്നണിയിലെ ഒന്നാമന്‍ സിപിഎമ്മും രണ്ടാമന്‍ സിപിഐയും മാസങ്ങള്‍ മുമ്പുതന്നെ പോര്‍വിളി തുടങ്ങിയതാണ്. ഇപ്പോഴത് പാരമ്യത്തിലെത്തി. പലസ്ഥലത്തും സിപിഐ പ്രവര്‍ത്തകരെ തല്ലി ഒതുക്കുകപോലും ചെയ്തതാണ്. സിപിഐ മന്ത്രിമാരൊന്നും പ്രാപ്തരല്ലെന്ന വിമര്‍ശനം പോലുമുണ്ടായി. സിപിഐ മന്ത്രിമാരെ പരിഹസിച്ച സിപിഎം സെക്രട്ടേറിയറ്റ് മെമ്പര്‍ എം.എം. മണിക്ക് മന്ത്രിസ്ഥാനം നല്‍കി അംഗീകരിക്കുകയാണുണ്ടായത്. ഒട്ടുമിക്ക വിഷയത്തിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഎം ശ്രമിച്ചത്. അതിനുള്ള അമര്‍ഷമാണ് സിപിഐ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *