ലോ അക്കാദമി; രണ്ടാം ചര്‍ച്ചയും പരാജയം


ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സംയുക്ത സമര സമിതിയുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും പരാജയം. മന്ത്രി മാനേജ്‌മെന്റ് പ്രതിനിധിയെപ്പോലെ പെരുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍. സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് സമരത്തെ അട്ടിമറിക്കാനാണെന്നും സംയുക്ത സമരസമിതി ആരോപിച്ചു.


കേരളത്തില്‍ ലോ അക്കാദമിയില്‍ ഉള്ളതിനേക്കാള്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ലോ അക്കാദമിയിലേത് നിസാര പ്രശ്‌നങ്ങളാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലക്ഷ്മിനായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തതാണെന്ന് എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും ഒരുമിച്ച് നിലപാടിലെത്തി.


അഞ്ച് വര്‍ഷത്തേക്ക് മാറ്റിയെങ്കില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ച രേഖകള്‍ കാണിക്കണമെന്നായി വിദ്യാര്‍ത്ഥികള്‍. എത്രവര്‍ഷത്തേക്കാണ് പുതിയ പ്രിന്‍സിപ്പാള്‍ നിയമനം എന്നത് വ്യക്തമാക്കുന്ന രേഖകളും കാണിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് അറിയേണ്ട ആവശ്യം വിദ്യാര്‍ത്ഥികള്‍ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും മാനേജുമെന്റും പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതോടെ മന്ത്രി ചേംബറില്‍ നിന്നും ഇറങ്ങിപ്പോയി.



Sharing is Caring