പുതുവൈപ്പ് പൊലിസ് അതിക്രമം; തിങ്കളാഴ്ച എറണാകുളത്ത് ഹര്‍ത്താല്‍


പുതുവൈപ്പിനില്‍ എല്‍.പി.ജി പ്‌ളാന്റിനെതിരായി സമരം നടത്തുന്നവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച ചര്‍ച്ച നടത്തും. അതിനിടെ, എല്‍.പി.ജി പ്ലാന്റിനെതിരേ സമരം ചെയ്തവര്‍ക്കു നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. സമരസഹായ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.


ഇന്നുരാവിലെയാണ് സമരക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് ഉണ്ടായത്. ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള നിര്‍മാണമാണ് നടക്കുന്നതെന്നാരോപിച്ചാണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്. പ്‌ളാന്റ് സ്ഥാപിക്കുന്ന നടപടികള്‍ താല്‍ക്കാലികമായി നിറുത്തി വയ്ക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു.? എന്നാല്‍,? സമരക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തെത്തിയതോടെ സംഘര്‍ഷം ഉടലെടുത്തത്. പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. സമരക്കാര്‍ പ്‌ളാന്റിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. കൂടുതല്‍ ജനങ്ങള്‍ സമരസ്ഥലത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.


കടല്‍ത്തീരത്തോട് ചേര്‍ന്ന് 38 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നതിന് ചുറ്റുമതില്‍ കെട്ടി തിരിച്ചിട്ടുള്ളത്.കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് പാട്ടത്തിന് എടുത്തിട്ടുള്ളതാണ് ഈ സ്ഥലം.



Sharing is Caring