സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധരംഗത്തുള്ള കെ.എസ്.യു മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. സെക്രട്ടേറിയറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വാശ്രയ കോളജുകളിലെ ഫീസ് കുത്തനെ ഉയര്‍ത്തി മാനേജ്മെന്റുകളെ സര്‍ക്കാര്‍ സഹായിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവരുകയാണ്.സമരക്കാര്‍ നേരത്തെ വനംമന്ത്രി കെ.രാജുവിന്റെ കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ സമര പന്തലിന് മുന്നില്‍ പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം മന്ത്രിയുടെ കാര്‍ തടഞ്ഞിട്ടു.













