പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ദയനീയ പരാജയം. ഇന്നലെ ഹോം തട്ടകമായ വിശാഖപട്ടണത്ത് പഞ്ചാബ് കിങ്‌സ് ഇലവനെതിരേ അവര്‍ ഏഴു വിക്കറ്റിനു തോല്‍വി സമ്മതിച്ചു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്‌ക്ക് നിശ്‌ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മൂന്നോവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സ് നേടി ലക്ഷ്യം കണ്ടു.
കനത്ത തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറേ മങ്ങി. 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ പ്രകടനവും ഇനി മുംബൈ നോക്കിയിരിക്കണം.
താരതമ്യേന ദുര്‍ബല വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് 52 പന്തില്‍ നിന്ന് പുറത്താകാതെ 54 റണ്‍സ് നേടിയ നായകന്‍ മുരളി വിജയിയുടെയും 40 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയുടെയും മികവിലാണ് ജയത്തിലേക്ക് കുതിച്ചത്.
കളിയവസാനിക്കുമ്പോള്‍ ആറു റണ്‍സുമായി ഗുര്‍കീരത് സിങ്ങായിരുന്നു വിജയിക്കു കൂട്ട്. ഹാഷിം അംല(0), ഗ്ലെന്‍ മാക്‌സ്വെല്‍(0) എന്നിവരാണ് പുറത്തായ മറ്റ് പഞ്ചാബ് ബാറ്റ്‌സ്മാന്മാര്‍.
നേരത്തെ 20 പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 27 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡിനു മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങാനായത്. 29 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ നിതീഷ് റാണയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
മുന്‍നിര തകര്‍ന്നതാണ് മുംബൈയ്‌ക്ക് വിനയായത്. രോഹിത് ശര്‍മ(15), അമ്പാട്ടി റായിഡു(0), ഉന്മുക്‌ത് ചന്ദ്(0), ജോസ് ബട്‌ലര്‍(9) എന്നിവര്‍ കാര്യമായ സംഭാവനകള്‍ ഇല്ലാതെ മടങ്ങി.













