മുംബൈയിൽ വിഷപുകയില്ലാത്ത ദീപാവലിയെ ആഘോഷമാക്കി അന്തരീക്ഷവും

മറ്റൊരു ഉത്സവകാലം കൂടി കടന്നു പോകുമ്പോൾ കൊറോണക്കാലത്തും ആഘോഷത്തിന്റെ ആവേശം കൈവിടാതെയാണ് മുംബൈ നഗരം ദീപാവലിയെ വരവേറ്റത്. രംഗോലിയും ദീപങ്ങളുടെ വര്ണക്കാഴ്ചകളും പതിവ് പോലെ നഗരത്തെ അലങ്കരിച്ചപ്പോൾ പടക്കങ്ങളോട് അകലം പാലിച്ചതാണ് അന്തരീക്ഷത്തെയും ആഘോഷത്തോട് ചേർത്ത് പിടിക്കാൻ നഗരവാസികൾക്ക് കഴിഞ്ഞത്.ചരിത്രത്തിൽ അടുത്ത കാലത്തൊന്നും ഇത്രയും പരിസ്ഥിതി സൗഹൃദമായൊരു ദീപാവലി ആഘോഷ പരിപാടി നടന്നിട്ടില്ലെന്നാണ് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) സമർപ്പിച്ച ഡാറ്റ വെളിപ്പെടുത്തുന്നത്.2015 മുതലാണ് സഫാർ ഏജൻസി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾക്ക് തുടക്കമിടുന്നത്. അന്ന് മുതലുള്ള ഡാറ്റ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ദീപാവലി അന്തരീക്ഷ മലിനീകരണമില്ലാതെ ആഘോഷ ദിവസങ്ങളായി കണക്കാക്കിയത്.

വേഗതയേറിയ കാറ്റും താരതമ്യേന ചൂടുള്ള താപനിലയും വായു വൃത്തിയാക്കുന്നതിന് സഹായകമായിരുന്നുവെന്ന് പറയപ്പെടുന്നു. നഗരത്തിലുടനീളം ദീപാവലി ആഘോഷിക്കുന്നതിനിടെ ശനിയാഴ്ചകളിൽ ചില പോക്കറ്റുകളിൽ പടക്കങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിലും മലിനീകരണത്തെ കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ പടക്കം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ജീവന്റെ വിലയുള്ള ജാഗ്രത കൈവിടരുതെന്നും സുപ്രീം കോടതി അടക്കം നിർദ്ദേശിച്ചിരുന്നു.ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമായ നിലയിലേക്ക് പോകുമെന്ന് സഫാർ നേരത്തെ പ്രവചിച്ചിരുന്നതിനാൽ പുറത്ത് വരുന്ന വിവരങ്ങൾ അധികാരികൾക്കും ആശ്വാസമേകുന്നതാണ്.2019 ലെ ചുഴലിക്കാറ്റ് ഒഴിവാക്കിയാൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായു നിലവാരമുള്ള ദീപാവലി നാളുകളാണ് കടന്നു പോയതെന്നാണ് സഫറിന്റെ നിഗമനം.ഞായറാഴ്ച മുംബൈയിലെ എക്യുഐ (എയർ ക്വാളിറ്റി സൂചിക) സ്കോർ 90 ആയിരുന്നു. എന്നിരുന്നാലും, നവംബർ 15 വൈകുന്നേരത്തോടെ ഇത് മിതമായ 115 ലെത്തി. പടക്കങ്ങളുടെ ഉപയോഗമായിരുന്നു ഈ വ്യതിയാനത്തിന് കാരണമായി ചൂണ്ടിക്കാണിച്ചത്.

നഗരത്തിലുടനീളമുള്ള 15 നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ശരാശരി കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച മുംബൈയിലെ എക്യുഐ 148 ആയിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.ദില്ലി, പൂനെ, അഹമ്മദാബാദ് തുടങ്ങിയ മുൻനിര നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മുംബൈ മികച്ച വായു നിലവാരമുള്ള പോയിന്റുകളാണ് നേടിയിരിക്കുന്നത്. മോശപ്പെട്ട അന്തരീക്ഷ നിലവാരത്തിൽ ഡൽഹിക്ക് തൊട്ടു പുറകിലാണ് അഹമ്മദാബാദും പുനെയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *