പാലാ: മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയാണ് (20) മരിച്ചത്.
പെണ്‍കുട്ടിയെ കാണാതായ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്ബിളാവില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ചാടിയത്.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അഞ്ജു യൂണിവേഴ്സിറ്റി പരീക്ഷയെഴുതാന്‍ ശനിയാഴ്ച ചേര്‍പ്പുങ്കല്‍ കോളജിലെത്തിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ഉണ്ടായിരുന്നു. വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നു വരുന്നത് വ്യക്തമായതോടെയാണ് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും മീനച്ചിലാറ്റില്‍ തെരച്ചില്‍ തുടങ്ങിയത്. പെണ്‍കുട്ടി ആറ്റില്‍ ചാടുന്നത് ആരും കണ്ടിരുന്നില്ല.













