മില്‍മയുടെ ചക്കപ്പഴ പേട അടുത്തമാസമെത്തും

നമ്മുടെ വിപണിയില്‍ ചക്കപ്പായസമുണ്ട്. ചക്കപ്പഴ ഐസ്ക്രീമുണ്ട്. എന്നാല്‍, ചക്കപ്പഴ പേടയുണ്ടോ? ‘ഇല്ല’ എന്ന ഉത്തരം ഇനി നമുക്കു മറക്കാം. നല്ല വരിക്കച്ചക്കയുടെ സ്വാദ് നമ്മുടെ നാവിനു സമ്മാനിക്കാനായി, യാതൊരു രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാത്ത ഒറിജിനല്‍ ‘ചക്കപ്പഴ പേട’ അടുത്തമാസം ആദ്യവാരത്തോടെ മില്‍മ വിപണിയിലെത്തിക്കും.
മില്‍മയുടെ പത്തനംതിട്ട ഡയറിയിലെ ഓട്ടോമാറ്റിക് പ്ലാന്റിലാണ് ജാക്ക് ഫ്രൂട്ട് പേട തയ്യാറാക്കുന്നത്. പ്ളാസ്റ്റിക് കണ്ടെയ്നറില്‍ 150 ഗ്രാമിന്റെ ആകര്‍ഷകമായ പ്രീമിയം പായ്ക്കില്‍ ചക്കപ്പഴ പേട വിപണിയിലെത്തും. വില നൂറ് രൂപ.പ്രോസസ് ചെയ്ത് അണുവിമുക്തമാക്കിയ ജാക്ക് ഫ്രൂട്ട് പള്‍പ്പ്, പാല്‍, പഞ്ചസാര, ചുക്ക് പൊടി എന്നിവയാണ് ജാക്ക് ഫ്രൂട്ട് പേടയിലെ ചേരുവകള്‍. ദഹനം സുഗമമാക്കുന്ന ഫൈബര്‍, കാല്‍സ്യം, മധുരം എന്നിവ ജാക്ക് ഫ്രൂട്ട് പേടയിലുണ്ടാവും.
കണ്ണൂരിലെ ഒരു സ്ഥാപനമാണ് ചക്കപ്പഴം പ്രോസസ് ചെയ്ത് പള്‍പ്പായി മില്‍മയ്ക്ക് നല്‍കുന്നത്. പ്രോസസ് ചെയ്ത പള്‍പ്പ് സ്വാഭാവിക രുചിയോടെ ആറുമാസം വരെയിരിക്കും. ജാക്ക് ഫ്രൂട്ട് പേട പരമാവധി ഒരു മാസമേയിരിക്കൂ. തുടക്കത്തില്‍, പ്രതിദിനം 50 കിലോഗ്രാം ജാക്ക് ഫ്രൂട്ട് പേട മില്‍മ വിപണിയിലെത്തിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *