‘മിന്നലിന്റെ’ വഴിമുടക്കി; മെഡിക്കല്‍ വിദ്യാര്‍ഥിക്ക് 5000 രൂപ പിഴ

കെ.എസ്.ആര്‍.ടി.സി.യുടെ മിന്നല്‍ ബസ്സിനെ വട്ടംകറക്കി കാറോടിച്ച വിദ്യാര്‍ഥിക്ക് കിട്ടിയത് പിഴശിക്ഷ. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കാസര്‍കോട്ടുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സിന്റെ വഴിമുടക്കി തലശ്ശേരി പുന്നോല്‍ മുതല്‍ കുഞ്ഞിപ്പള്ളിവരെ കാറോടിച്ച മെഡിക്കല്‍ വിദ്യാര്‍ഥിക്കാണ് പണികിട്ടിയത്.

ചോമ്ബാലയിലെത്തുമ്ബോഴേക്കും കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം കഴിഞ്ഞാണ് കാര്‍ വിട്ടുകൊടുത്തത്. മിന്നലിനുണ്ടായ വരുമാന നഷ്ടത്തിന് 5,000 രൂപ പിഴയും ഈടാക്കി.

തലശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന അഴീയൂര്‍ സ്വദേശി ഫൈസലാണ് മിന്നലിന്റെ വഴിമുടക്കാന്‍ ശ്രമിച്ചത്. പുന്നോലില്‍നിന്ന് ബസ്സിനെ മറികടന്ന കാര്‍ ഏറെ നേരം ബസ്സിനെ പോകാനനുവദിക്കാതെ സഞ്ചരിച്ചു.

സഹികെട്ട ബസ് യാത്രക്കാര്‍ ഡ്രൈവറോട് പരാതിപ്പെടാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ ജഗദീഷ് കോഴിക്കോട് സോണല്‍ ഓഫീസില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു. അവിടെനിന്ന് തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വടകര ചോമ്ബാല പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.

മൂന്നാം ദിവസം ബസ് കാസര്‍കോട്ട് തിരിച്ചെത്തിയതിനുശേഷമാണ് വടകരയിലെ കെ.എസ്.ആര്‍.ടി.സി. ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയത്. പിന്നീട് പോലീസ് പിഴയടപ്പിച്ച്‌ കാര്‍ വിട്ടുകൊടുത്തു.

കെ.എസ്.ആര്‍.ടി.സി. മിന്നല്‍ സര്‍വീസില്‍ എന്ത് തടസ്സം നേരിട്ടാലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിപ്പോകളില്‍ എം.ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ട്. തീവണ്ടിയെക്കാള്‍ വേഗത്തില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ എത്താമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മിന്നലിനോട് പ്രിയമേറുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *