മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു


മാറാട് കൂട്ടക്കൊല കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന് പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക. കേസ് സിബിഐയ്ക്ക് അന്വേഷിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഓഫീസും അനുവദിക്കണം.


കേസ് സംബന്ധിച്ച ഫയലുകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കൈവശമാണുള്ളത്. അത് എത്രയും വേഗം തന്നെ സിബിഐയ്ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ശാന്താന ഗൗഡര്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും കേസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐയും രേഖാമൂലം കോടതിയെ അറിയിച്ചു.


കോഴിക്കോട് സ്വദേശി കൊളക്കോടന്‍ മൂസ ഹാജി എന്നയാളുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് വലിയതോതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. അതിനാല്‍ ഈ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് മൂസഹാജി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിബിഐയുടെയും സംസ്ഥാന സര്‍ക്കരിന്റെയും നിലപാട് തേടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ തന്നെ വലിയ ഗൂഡാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജൻസികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാർശയുളളതിനാലും കേസ് ഏറ്റെടുക്കാൻ വിരോധമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.



Sharing is Caring