ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പു പറച്ചിലുമായി പരക്കം പായുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മാപ്പു പറച്ചിലിലൊന്നും കാര്യം നടക്കില്ലെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാടാണ് കെജ്‌രിവാളിനെ വെട്ടിലാക്കിയിരിക്കുന്നത്.
രണ്ട് കേസുകളിലായി 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു അരുണ്‍ജെയ്റ്റ്‌ലി കെജ്‌രിവാളിനെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയതത്. മറ്റ് കേസുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അത്ര പെട്ടെന്ന് മാപ്പ് പറഞ്ഞ് കെജ്‌രിവാളിന് രക്ഷപ്പെടാനാവില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കെജ്‌രിവാളിന് പുറമെ ആം ആദ്മി പാര്‍ട്ടിയിലെ മറ്റ് നേതാക്കളും മാപ്പ് പറഞ്ഞാല്‍ മാത്രമേ ഒത്ത് തീര്‍പ്പ് പരിഗണിക്കുകയുള്ളൂവെന്ന് ധനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ അറിയിച്ചതായും വിവരമുണ്ട്.

കെജ്‌രിവാളിന് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്, കുമാര്‍ ബിശ്വാസ്, അഷുതോഷ്, രാഘവ് ചന്ദ്ര, ദീപക് ബജ്പാല്‍ എന്നിവര്‍ക്കെതിരേയും അപകീര്‍ത്തിക്കേസുകളുണ്ടായിരുന്നു.അരുണ്‍ ജെയ്റ്റ്‌ലി ഡി.ഡി.സി.എ തലവനായിരിക്കെ അഴിമതി നടത്തിയെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഇതിനെതിരെയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. പത്ത് കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടത്. കേസിന്റെ വാദത്തിനിടെ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ രാംജെത്മലാനി നടത്തിയ പ്രസ്താവനയിലായിരുന്നു മറ്റൊരു അപകീര്‍ത്തി കേസ്. ഇതിലും പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മൂന്ന്, എട്ട് തീയതികളിലാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് കേസ് പരിഗണിക്കുന്നത്. ഇതിനകം കേസ് ഒത്തു തീര്‍പ്പാക്കാനാണ് കെജ്‌രിവാളിന്റെ ശ്രമം.
ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയ, നിതിന്‍ ഗഡ്കരി, കപില്‍ സിബല്‍, അമിത് സിബല്‍ എന്നിവരോട് ഇതിനോടകം മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തലയൂരി.













