ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്ക് എത്തേണ്ട കേരളത്തില്‍ നിന്നടക്കമുള്ള 25 വിമാനങ്ങള്‍ റദ്ദാക്കി.
രാജ്യാന്തര സര്‍വീസുകളുള്‍പ്പെടെ 11 വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയോടെ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് പ്രവേശിച്ചു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. മഴ തുടരുന്നതിനാല്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. 200 ഓളം മരങ്ങള്‍ കടപുഴകി വീണു. പല തെരുവുകളും വെള്ളത്തിനിടയില്‍ ആയി. അതേസമയം പുതുച്ചേരി, ചെങ്കല്‍പെട്ട്, വെല്ലൂര്, കാഞ്ചപുരം, തിരുവള്ളൂര്‍, കാരാക്കല്‍, ചെന്നൈ എന്നീ ജില്ലകള്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ അതിശക്തമായി തുടരുന്നു. തമിഴ്‌നാടിനു പുറമേ, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. പുതുച്ചേരിയില്‍ മഴയിലും കടല്‍ക്ഷോഭത്തിലും 8 വീടുകള്‍ ഒലിച്ചു പോയി.













