ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്ഗറിനെതിരേയുള്ള മാനഭംഗക്കേസിലെ ഇരയായ പതിനെട്ടുകാരിയുടെ അച്ഛന് പപ്പു സിംഗ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എംഎല്‍എയുടെ സഹോദരന് അതുല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മറ്റ് നാലു പേര്‍കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തന്നെ മാനഭംഗപ്പെടുത്തിയ ബിജെപി എംഎല്‍എയ്ക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസമാണ് യുവതി കുടുംബസമേതമെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനൊടുക്കല്‍ സംഭവം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് യുവതിയുടെ പിതാവ് ഉന്നാവയിലെ മഖി പോലീസ് സ്റ്റേഷനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. എംഎല്‍എ കുല്‍ദീപ് സിംഗിന്റെ ഗുണ്ടകളാണ് അച്ഛനെ പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതെന്ന് മാനഭംഗത്തിനിരയായ മകള്‍ പറഞ്ഞു.

മകളെ മാനഭംഗപ്പെടുത്തിയെന്ന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍എയുടെ സഹോദരനും സഹായികളും യുവതിയുടെ പിതാവിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. പിന്നീട് എംഎല്‍എ യുടെ സഹോദരന്റെ വ്യാജപരാതിയില്‍ യുവതിയുടെ പിതാവിനെ ഏപ്രില്‍ മൂന്നിന് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രി വയറുവേദനയും ഛര്ദിയുമായിട്ടാണ് യുവതിയുടെ പിതാവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ഇയാള്‍ മരിച്ചത്.കസ്റ്റഡിയിലിരിക്കെയാണ് മരണമെന്നതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് ഡിഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.













