രാജേഷിന്‍റെ കൊലപാതകം: അലിഭായ് കുറ്റം സമ്മതിച്ചു


തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റം സമ്മതിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. രാജേഷിനെ തന്‍റെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിന് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഖത്തറില്‍ തന്‍റെ ജിംനേഷ്യത്തിന്‍റെ ഉടമയായ സത്താറിന്‍റെ കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു.


തന്‍റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖത്തറില്‍ നിന്ന് നാട്ടിലെത്താന്‍ വിമാന ടിക്കറ്റിന് പണം നല്‍കിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നല്‍കിയ സത്താറിനോടുള്ള കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യപ്രതിയായ അലിഭായ് പോലീസ് പിടിയിലായെങ്കിലും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്.




Sharing is Caring