മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉടന്‍ പിന്‍വലിക്കണം: സര്‍ക്കാര്‍ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയില്‍ അപലപിച്ച്
പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഇത് സംബന്ധിച്ച് നവംബര്‍ 15 ല്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ശേഖര്‍ ഗുപ്ത, ജനറല്‍ സെക്രട്ടറി എ.കെ ഭട്ടാചര്യ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി മാത്രമേ മാധ്യമങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസാരിക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. ഇതിന് പുറമെ സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

മന്ത്രിമാരില്‍നിന്നും രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നും വാര്‍ത്തകള്‍ സംബന്ധിച്ച വിവരം തേടുന്നതിനെ വിലക്കുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത് പത്രസ്വാതന്ത്ര്യത്തിനെതിരാണെന്നും അവര്‍ വ്യക്തമാക്കി.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും കാണുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ വിവര-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (പി.ആര്‍.ഡി) അനുമതിക്കായി സമീപിക്കേണ്ടതുണ്ടെന്നും മാധ്യമനിയന്ത്രണ സര്‍ക്കുലറില്‍ പറയുന്നുണ്ട്. അടിയന്തരമായി ഈ ഉത്തരവ് പിന്‍വലിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *