മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച മുൻ ആർ.ഡി.ഒ യുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച പരാതി നല്‍കിയ മുൻ ആർ.ഡി.ഒ യുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. സ്വന്തം മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച് കമ്മീഷനിൽ പരാതി നൽകിയ മുൻ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഹരജിയിൽ തുടർ നടപടികൾ സ്വീകരിച്ചാൽ കമ്മീഷന്‍റെ യശസിന് തന്നെ കോട്ടം വരുമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍റെ പ്രതികരണം. തിരുവല്ല സ്വദേശിയായ മുൻ ആർ.ഡി.ഒ യും ഭാര്യയും ചേർന്ന് സമർപ്പിച്ച പരാതിയാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി തള്ളിയത്.

വൃദ്ധയും രോഗികളുമായ തങ്ങളെ പൊലീസ് സഹായത്തോടെ വ്യാജ പരാതികൾ നൽകി ബന്ധുക്കൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതി. പരാതിക്കാരന്‍റെ സഹോദരന്‍റെ മക്കൾക്കെതിരെയാണ് കമ്മീഷനിൽ പരാതി സമർപ്പിക്കപ്പെട്ടത്. കമ്മീഷൻ കോയിപ്രം പൊലീസിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതി ഇരു കൂട്ടർക്കുമുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനെത്തുടര്‍ന്ന് ഇരുകക്ഷികളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ച് ഒപ്പിട്ട് വാങ്ങിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരൻ ഉയർന്ന നിലയിൽ ജോലി ചെയ്തിരുന്നയാളാണെന്ന് കമ്മീഷൻ വിലയിരുത്തി. 2007 ലെ മുതിർന്ന പൌരൻമാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ നിയമ പ്രകാരം നിയോഗിക്കപ്പെട്ടിരുന്നയാളാണ് പരാതിക്കാരൻ. ഇത് മാതാപിതാക്കളെ കുറിച്ച് അദ്ദേഹം എഴുതി സമർപ്പിച്ച ഹരജിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതായി കമ്മീഷൻ വിലയിരുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *