‘ മാണി എന്ന മാരണം’ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി


മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ കെ.എം മാണിയെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റെ എം.എം ഹസന്‍. ഇത്തരമൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കേരള കോണ്‍ഗ്രസ് എം നേതാവായ കെ.എം മാണിയെ രൂക്ഷമായ ഭാഷയിലാണ് വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍, പത്രത്തിന്റെ ഈ സമീപനം പാര്‍ട്ടിയുടെ സമീപനമല്ലെന്നും എം.എം ഹസന്‍ പറഞ്ഞു. വാര്‍ത്താകുറിപ്പിലാണ് കെ.പി.സി.സി പ്രസിഡന്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നത്.


മാണിക്കു വേണ്ടി യു.ഡി.എഫില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണയുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ കാത്തിരിക്കേണ്ടതില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

ഏറെക്കാലം കോണ്‍ഗ്രസ് ചുമന്നതു കൊണ്ടാണ് മാണിക്കും മകനും വേണ്ടി മാത്രമുള്ള ഒരു പാര്‍ട്ടിക്ക് അസ്തിത്വമുണ്ടായത്. കെ.എം മാണിയുടെ വിഷക്കൊമ്പ് കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു കേരളാ കോണ്‍ഗ്രസ് നേതാവുമുണ്ടാവില്ല. കെ.എം ജോര്‍ജ്ജ് മുതല്‍ പി.സി ജോര്‍ജ്ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുണ്ട്.

നാല്‍ക്കവലയില്‍ വിലപേശുന്ന നേതാവാണ് മാണിയെന്നും യു.ഡി.എഫ് നൂറു തവണ തോറ്റാലും മാണിയെ തിരികെ വിളിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.



Sharing is Caring