മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ശിവാജി പ്രതിമ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി

മുംബൈ: അറബിക്കടലില്‍ പുരോഗമിക്കുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ് കെ കൗളും അടങ്ങുന്ന ബഞ്ചിന്റെതാണ് നിര്‍ദ്ദേശം.

പ്രതിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതികാനുമതി നല്‍കിയത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം നേരത്തെ ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു. ദേശീയ പ്രാധാന്യമുള്ള വിഷയമായാണ് ശിവാജി പ്രതിമയുടെ നിര്‍മ്മാണത്തെ കണക്കാക്കുന്നതെന്നും അതുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക പ്രശ്നങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് വിടുകയാണെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കരാറുകാര്‍ക്ക് മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് നിര്‍ദ്ദേശം നല്‍കി. അതേ സമയം വിലക്ക് നീക്കുന്നതിനായി സുപ്രീംകോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

ശിവാജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ സ്ഥലത്തിന്റെ സര്‍വെ എന്നിവ ഉള്‍പ്പടെയുള്ള ചെലവാകും ഈ തുകയെന്നും 2022-23തോടെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചതിലൂടെ പ്രതിമ പൂര്‍ത്തിയാകുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *