മഹാരാഷ്ട്രയില്‍ ബന്ദ് പൂര്‍ണം; ഗതാഗതം സ്തംഭിച്ചു

സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ഗതാഗതം സ്തംഭിച്ചു. മുംബൈ, പുനെ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നത് മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ബസ്, ഓട്ടോ റിക്ഷകള്‍ തുടങ്ങിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. കര്‍ണാടക മഹാരാഷ്ട്ര ഇന്റര്‍ സ്റ്റേറ്റ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.

1818ലെ ഭീമകൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ മറാത്താ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്കും സാമുദായിക കലാപത്തിലേക്കും വഴിമാറിയത്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദലിതരുടെ വാഹനങ്ങള്‍ക്കുനേരെ മറാത്താ വിഭാഗക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

കൊറേഗാവ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടിട്ടുണ്ട്. അക്രമം പടരുന്ന സാഹചര്യത്തില്‍ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

1818ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യവും മറാത്തികളും തമ്മിലുണ്ടായ യുദ്ധത്തില്‍ വിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നു. മറാത്തികളെ തോല്‍പ്പിച്ച ബ്രിട്ടീഷ് സേനയില്‍ ദലിത് വിഭാഗക്കാരായ സൈനികരുമുണ്ടായിരുന്നു. അന്ന് യുദ്ധത്തില്‍ മരിച്ച ദലിതര്‍ക്കായി പുനെക്കു സമീപം സ്മാരകം നിര്‍മിച്ചിട്ടുണ്ട്. ജനുവരി ഒന്നിനാണ് യുദ്ധവിജയത്തിന്റെ 200ാം വാര്‍ഷികം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *