മഴക്കെടുതി; ദുരിതാശ്വാസത്തിന‌് 113 കോടി

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ആശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 113.19 കോടി രൂപ അനുവദിച്ചു. ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള തുക അടിയന്തരമായി വിതരണം ചെയ്യാൻ കലക്ടർമാർക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടാൻ ദേശീയ ദുരന്തപ്രതികരണസേനയുടെ രണ്ട് സംഘത്തെക്കൂടി കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്രത്തോട‌് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.

വീടുകൾ പൂർണമായോ ഭാഗികമായോ നശിച്ചവർക്ക് നൽകുന്ന ധനസഹായം നാലുലക്ഷമായി വർധിപ്പിച്ചു. പ്രളയത്തിൽപ്പെട്ട് വീട‌് ഇരുന്ന ഭൂമി ഒഴുകിപ്പോകുകയും സ്വന്തമായി വേറെ ഭൂമി ഇല്ലാതിരിക്കുകയോ ഉള്ളസ്ഥലം വീടുവയ്ക്കാൻ യോഗ്യമല്ലെങ്കിലോ വേറെ സ്ഥലം വാങ്ങാൻ പ്രമാണത്തിൽ ഉള്ള തുക (പരമാവധി ആറുലക്ഷം) അനുവദിക്കും. ദുരന്തബാധിതരുടെ വീട് തകർന്നാൽ അതേസ്ഥലത്ത് വീട് പുനർനിർമിക്കാൻ തദ്ദേശസ്ഥാപനം ഒരുദിവസത്തിനുള്ളിൽ അനുമതി നൽകാനും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു.

മെയ് മുതൽ ജൂലൈ വരെ മഴക്കെടുതിയിൽ സംസ്ഥാനത്ത് 90 പേർ മരിച്ചു. 339 വീട‌് തകർന്നു. 8769 വീടിന‌് കേടുപാടുണ്ടായി. 8802 ഹെക്ടർ സ്ഥലത്ത് കൃഷി നശിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 229 ക്യാമ്പ‌് തുറന്നു. 27721 പേരാണ് ഇപ്പോൾ വിവിധ ക്യാമ്പുകളിലുള്ളത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് ടീമുകൾ കോട്ടയത്തും ആലപ്പുഴയിലുമായി ഇപ്പോഴും സേവനനിരതരാണ്. സേനയുടെ ദക്ഷിണകേന്ദ്രം മേധാവി വ്യാഴാഴ‌്ച കേരളത്തിൽ എത്തും. സേനയുടെ നാല് സംഘം ഏതുസമയത്തും സേവനത്തിന് സജ്ജമായിട്ടുണ്ട‌്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *