ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു. വൈകിട്ട് 4.30ഓടെ സ്കൂളിലെത്തിയ എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ അടച്ചു പൂട്ടി ഓഫീസിലെ രേഖകളും മറ്റും കൊണ്ടു പോവുകയും ചെയ്തു.
സ്കൂൾ പൂട്ടിയെങ്കിലും ക്ളാസുകൾ താൽക്കാലികമായി കളക്ടറേറ്റിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂൾ പൂട്ടിയ കാര്യം വെള്ളിയാഴ്ച സർക്കാർ ഔദ്യോഗികമായി കോടതിയെ അറിയിക്കും. സ്കൂൾ ഏറ്റെടുക്കുമെന്ന് സർക്കാർ രാവിലെ കോടതിയെ അറിയിച്ചിരുന്നെങ്കിലും സ്കൂൾ പൂട്ടി കോടതി ഉത്തരവ് നടപ്പാക്കിയ ശേഷം തുടർ നടപടികൾ ആലോചിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന കാര്യം അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിയമസഭയുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ കാര്യമാണെന്നും സ്കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നും കോടതി വ്യക്തമാക്കുകയായിരുന്നു.













