മലമ്പുഴ ഉദ്യാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന

പാലക്കാട് മലമ്പുഴ ഉദ്യാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന. ഉദ്യാനത്തിലെ മതിൽ തകർത്ത് അകത്ത് പ്രവേശിച്ച കാട്ടാന രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് മലമ്പുഴ ഉദ്യാനത്തിൽ കാട്ടന ഇറങ്ങിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മലമ്പുഴ ഭാഗത്ത് ഒറ്റയാൻ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ട്. ഈ ആനയാണ് ഉദ്യാനത്തിലെ മതിലും കമ്പിവേലിയും തകർത്ത് അകത്തു പ്രവേശിച്ചത്. കുട്ടികളുടെ പാർക്കിന്‍റെ ഭാഗത്താണ് ആന ആദ്യം എത്തിയത്. കുറച്ചു സമയം ഉദ്യാനത്തിന് അകത്ത് കറങ്ങി നടന്ന ആന പിന്നീട് കാടുകയറി . എന്നാൽ വൈകാതെ തന്നെ വീണ്ടും കാടിറങ്ങി തിരികെ വന്നു.

രണ്ടാം വരവിൽ നടപ്പാതയിലെ കൈവരി ഉൾപ്പെടെ തകർത്തു. ആനയുടെ മുൻപിൽ പെട്ട വ്യക്തി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വനംവകുപ്പും ജല വിഭവ വകുപ്പും ഉദ്യാനത്തിൽ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുൻപും കാട്ടാന ഉദ്യാനത്തിൽ കടന്ന് നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഉദ്യാനം രണ്ട് മാസത്തിലധികമായി അടഞ്ഞ് കിടക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *