മരണാനന്തര ബഹുമതിയായി വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് പുരസ്‌കാരം

ബോളിവുഡ് സിനിമയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വിനോദ് ഖന്നയുടെ വിയോഗത്തില്‍ പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ വേദനിച്ചിരുന്നു. അമര്‍ അക്ബര്‍ ആന്റണി, മുക്കന്തര്‍ കാ സിക്കന്തര്‍, ഇന്‍സാഫ് തുടങ്ങി എക്കാലവും സിനിമാലോകം ഓര്‍ത്തിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായകനായെത്തിയത് അദ്ദേഹമായിരുന്നു. ഒരുകാലത്ത് ബോളിവുഡ് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു അദ്ദേഹം. 140 ല്‍ അധികം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെയായി അഭിനയിച്ചത്.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് 2017 ഏപ്രില്‍ 27നാണ് വിനോദ് ഖന്ന വിടവാങ്ങിയത്. 70 വയസ്സായിരുന്നു അദ്ദേഹത്തിന്. അഭിനയത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാ എംപിയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെയാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചത്. വിനോദ് ഖന്നയ്ക്കാണ് ഇത്തവണത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്.

ജൂറി അധ്യക്ഷനായ ശേഖര്‍ കപൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരം കൂടിയാണിത്. മികച്ച നടിയായി തിരഞ്ഞെടുത്തത് ശ്രീദേവിയെയായിരുന്നു. അടുത്തിടെയാണ് താരവും വിടവാങ്ങിയത്. ശ്രീദേവിയോടുള്ള സൗഹൃദത്തിന്റെ പുറത്തല്ല മറിച്ച്‌ മോമിലെ പ്രകടനത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. ശ്രീദേവിയുടെ കരിയറില്‍ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് ശേഖര്‍ കപൂര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *