മയക്കുമരുന്ന് ഉപയോഗം: ബ്രിട്ടീഷ് സേനയിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും

ലണ്ടന്‍: ആദ്യമായി ബ്രീട്ടീഷ് സേനയില്‍ സിഖ് തലപ്പാവ് ധരിച്ച്‌ പരേഡില്‍ പങ്കെടുത്ത് ശ്രദ്ധേയനായ സിഖ് സൈനികന്‍ ചരണ്‍പ്രീത് സിങ് ലാല്‍ സേനയില്‍ നിന്നും പുറത്തായേക്കും. എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷചടങ്ങില്‍ പങ്കെടുത്താണ് ഈ യുവാവ് ചരിത്രത്തിലിടം നേടിയത്. ലാലിനെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കൊക്കൈന്‍ ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതാണ് ചരണ്‍പ്രീത് സിങ്ങിന് വിനയായത്.

സൈന്യത്തില്‍ നിന്ന് ചരണ്‍പ്രീതിനെ പിരിച്ചുവിട്ടേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ രാജ്ഞിയുടെ പിറന്നാളോഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡില്‍ തലപ്പാവും താടിയും ധരിച്ചെത്തിയ ചരണ്‍ പ്രീതായിരുന്നു ഏറ്റവും ശ്രദ്ധ നേടിയത്. ചരണ്‍പ്രീത് ലോകമാധ്യമങ്ങളുടെ വാര്‍ത്തകളിലിടം നേടുകയും ചെയ്തിരുന്നു.

കൊക്കൈന്‍ ക്ലാസ് എ വിഭാഗത്തില്‍ പെടുന്നതു കൊണ്ട് ചരണിന് ഉദ്യോഗം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എലിസബത്ത് രാജ്ഞിയുടെ 92-ാം പിറന്നാളിന് നടന്ന പരേഡില്‍ പങ്കെടുത്ത 1000 സൈനികരില്‍ ഒരാളായിരുന്നു ചരണ്‍പ്രീത്. പഞ്ചാബില്‍ ജനിച്ചുവെങ്കിലും കുടുംബത്തോടൊപ്പം ബ്രിട്ടണിലേക്ക് പോയ ചരണ്‍ 2016 ജനുവരിയിലാണ് സൈനികസേവനം ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *