വര്‍മ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ധ്രുവ് വിക്രമിന്റെ ആദ്യ പ്രതിഫലം കേരളത്തിന്. പ്രളയത്തില്‍ നിന്നുള്ള അതിജീവനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ധ്രുവ് തുക കൈമാറിയത്. അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കായി ബാല സംവിധാനം ചെയ്ത വര്‍മയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ധ്രുവിന്റെ അമ്മ മലയാളിയാണ്. അതിനു പുറമേ അച്ഛന്‍ വിക്രം തമിഴകത്തെ താരമായി മാറുന്നതിനു മുമ്പ് മലയാള സിനിമയുടെ ഭാഗമായിരുന്നു. ഒട്ടേറേ മലയാള ചിത്രങ്ങളില്‍ സഹതാരമായും ഒരു മലയാള ചിത്രത്തില്‍ നായകനായും വിക്രം അഭിനയിച്ചിട്ടുണ്ട്. കേരളത്തോടുള്ള ഈ വൈകാരിക അടുപ്പവും ധ്രുവിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. മലയാളികളോട് ധ്രുവ് കാണിച്ച ഈ സ്‌നേഹത്തിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ കൈയ്യടിയാണ് ലഭിക്കുന്നത്.














