മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു. നടന്‍ മമ്മൂട്ടി,കസബയുടെ സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍,നിര്‍മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസയച്ചത്.
സിനിമയില്‍ സ്ത്രീകളെ അവഹേളിയ്ക്കുന്ന തരത്തിലുള്ള രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി കെസി റോസക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വനിതാകമ്മീഷന്‍ യോഗത്തിലാണ് നോട്ടീസയക്കാന്‍ തീരുമാനമായത്.
ചിത്രത്തിലെ സംഭാഷണങ്ങളെയും രംഗങ്ങളെയും കുറിച്ച് സോഷ്യല്‍മീഡിയയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നം വനിതാ കമ്മീഷന്‍ പരിഗണിച്ചത്. മമ്മൂട്ടിയെ പോലെ ഒരു നടന്‍ ഇത്തരം തരംതാണ കാര്യങ്ങള്‍ സിനിമയില്‍ ചെയ്യുമ്പോള്‍ അതിന് അപകടകരമായ സ്വീകാര്യതയാണ് സമൂഹത്തില്‍ ഉണ്ടാവുക. സാമൂഹിക ഉത്തരവാദിത്തമുള്ള അഭിനേതാക്കള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന നിലപാട് സ്വീകരിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.













