മന്‍സൂര്‍ വധകേസ്: പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദൂരൂഹത. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ മര്‍ദം അനുഭവപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം പൊലീസ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോപ്പില്‍ പരിശോധന നടത്തി.

രതീഷ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മരത്തിന്റെ തൊട്ടടുത്ത മരത്തില്‍ നിന്നാണ് മാസ്‌കും ചെരിപ്പുമെല്ലാം കണ്ടെത്തിയത്. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രതീഷിന്റെ മരണത്തില്‍ യുഡിഎഫ് നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം
കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നാണ് സുധാകരന്‍ എംപി ആരോപിച്ചത്.

‘കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. നിരവധി തെളിവുകള്‍ കൈവശമുള്ള വ്യക്തിയായിരുന്നു രതീഷ്. ഈ തെളിവുകള്‍ പുറത്തുവന്നാല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട് നേതാക്കളുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം സിപിഐഎമ്മിനുണ്ട്. അതുകൊണ്ട് രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്.”- പാനൂരിലെ യുഡിഎഫ് പ്രതിഷേധസംഗമത്തില്‍ സംസാരിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു.

സിപിഐഎം പ്രതിസ്ഥാനത്ത് വരുന്ന എല്ലാ കേസുകളിലെയും പ്രതികള്‍ കൊല്ലപ്പെടുകയാണെന്ന ആരോപണമുന്നയിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും രംഗത്തെത്തിയിരുന്നു.
മന്‍സൂര്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐജിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക.
നിലവിലെ അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. അന്വേഷണ ചുമതലയില്‍നിന്നും ഡിവൈഎസ്പി ഇസ്മായിലിനെ മാറ്റണമെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അന്വേണം കൈമാറണമെന്നുമായിരുന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *