മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി : രണ്ടു മന്ത്രിമാര്‍ രാജിവെച്ചു

ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇക്കാര്യം അറിയിച്ചത്. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഇരുവരും ഏറെനാളായി ചികിത്സയിലായിരുന്നു.

ഇവര്‍ക്കു പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക് എന്നിവരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോവയിലെ ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും അമിത്ഷാ പറഞ്ഞിരുന്നു.
പരീക്കര്‍ ചികിത്സക്കായി അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് അവസരം നല്‍കണം എന്നാവശ്യവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് തന്നെ, മറ്റ് മന്ത്രിമാരുടേയും അവരുടെ ചുമതലകളിലും മാറ്റം വരുത്താനാണ് തീരുമാനമായിരിക്കുന്നതെന്ന് അമിത് ഷാ അറിയിച്ചിരുന്നു. അമേരിക്കയിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം സെപ്തംബര്‍ ആറിന് തിരിച്ചെത്തിയ പരീക്കര്‍ ഇപ്പോള്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *