മനോരമ കുടുംബം കൈവശം വച്ച ഭൂമി വിട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്


ബലനൂര്‍ പ്ലാന്റേഷന്റെ തൂലികാ നാമത്തില്‍ മനോരമ കുടുംബം കൈവശം വച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുമതിയും കോടതി നിരാകരിച്ചു. ഇതോടെ വിവാദ ഭൂമി ക്ഷേത്രത്തിന് തന്നെ തിരികെ കിട്ടാനാണ് സാധ്യത.


പാട്ടക്കാലാവധി കഴിഞ്ഞിട്ടും ദേവസ്വം ഭൂമി മനോരമ കുടുംബം കൈവശം വച്ചിരിക്കുകയായിരുന്നു. 2001-06 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനാണ് വിഷയം പുറത്തുകൊണ്ടു വന്നിരുന്നത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.


സാമൂതിരി രാജാവിന്റെ കാലത്ത് കോട്ടയത്തെ തയ്യില്‍ കുടുംബത്തിന് 60 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി നല്‍കിയത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കിയ ഭൂമിയില്‍ ഖനനം പാടില്ലെന്നും ഭൂമിക്ക് ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പാട്ടക്കാലവധി പൂര്‍ത്തിയായിട്ടും ഭൂമി വിട്ടു നല്‍കാതെ മനോരമ കുടുംബം കൈവശം വച്ചുവരികയായിരുന്നു. ഈ കരാര്‍ ലംഘനത്തിനെതിരെയാണ് പന്തല്ലൂര്‍ ക്ഷേത്രം ദേവസ്വം കോടതിയെ സമീപിച്ചത്.



Sharing is Caring