മധ്യപ്രദേശിലെ തര്‍ക്കം: സോണിയ ഗാന്ധി-ജോതിരാദിത്യ സിന്ധ്യ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ അധ്യക്ഷ പദവി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി സോണിയ ഗാന്ധി രംഗത്ത്.അതിന്‍റെ അടിസ്ഥാനത്തില്‍ ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. ജന്‍പഥിലെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്.

കമല്‍നാഥിനെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടാണ്‌ മധ്യപ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് കാരണം.
മാത്രമല്ല ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

സിന്ധ്യയെ പിന്തുണച്ചു കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഉടലെടുത്തു. തുടര്‍ന്ന്‍ കമല്‍നാഥ് മന്ത്രിസഭയിലെ ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കമല്‍നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പിസിസി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. സംസ്ഥാനത്തെ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചതില്‍ സിന്ധ്യക്കും പങ്കുണ്ടെന്നതിനാല്‍ അധ്യക്ഷപദം നല്‍കണമെന്ന് സിന്ധ്യ അനുഭാവികള്‍ വാദിക്കുന്നുണ്ട്.ഇതിനിടയില്‍ മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ചുമതലപ്പെടുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി അടുത്തയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *