മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഹൈക്കോടതി വിധി

മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഹൈക്കോടതിയുടെ സുപ്രധാന വിധി. അലഹബാദ് ഹൈക്കോടതിയാണ് ഉത്തര്‍പ്രദേശിലെ മുഴുവന്‍ മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചത്. മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി.
എല്ലാവരും ദേശീയ പതാകയെയും, ദേശീയ ഗാനത്തെയും ബഹുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദേശീയ ഗാനം ആലപിക്കണമെന്നും, ദേശീയ പതാക ഉയര്‍ത്തണമെന്നും കാണിച്ച് സംസ്ഥാനത്തെ എല്ലാ മദ്രസകള്‍ക്കും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏകദേശം 19,000 ത്തിലധികം മദ്രസകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്.
മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നതുമൂലം കുട്ടികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ യാതൊരു വിധ സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ച് ചൂണ്ടികാണിച്ചു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കാനും, ദേശീയ പതാക ഉയര്‍ത്താനും യോഗി സര്‍ക്കാര്‍ ഉത്തരവിടുന്നത്. സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്നും അത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
വന്ദേമാതരം നിര്‍ബന്ധമായി ആലപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമമന്ത്രി ലക്ഷ്മി നാരായണന്‍ ചൗധരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് സഹമന്ത്രിയായ ബല്‍ദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *