കര്‍ഷകപ്രക്ഷോഭം തുടരുന്നതിനിടെ സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നടത്തിവന്ന അനിശ്ചിതകാല നിരാഹാരം സമരം രണ്ടാം ദിവസം അവസാനിപ്പിച്ചു. ആകെ 28 മണിക്കൂര്‍ മാത്രമാണ് ചൗഹാന് നിരാഹാരം അനുഷ്ഠിച്ചത്. ഇളനീര് കുടിച്ചായിരുന്നു മുഖ്യമന്ത്രി സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉറപ്പായും പരിഗണിക്കുമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
നിരാഹാര സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ചൗഹാനോട് മദ്ധ്യപ്രദേശിലെ മന്ദസറില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിരാഹാരമല്ല വേണ്ടതെന്നും മുഖ്യമന്ത്രി തങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കുകയാണ് ചെയ്യേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞതായി ചൗഹാന് വെളിപ്പെടുത്തി. നാളെ മന്ത്രിസഭ ചേര്‍ന്ന് കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.













