മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഇന്ത്യക്കാര്‍ക്കുനേരെ ശ്രീലങ്കയുടെ വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു


തമിഴ്‌നാടിന്റെ കടലോരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യക്കാര്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേന നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 22ഉകാരനായ പ്രിച്ചോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.


ധനുഷ്‌കോടി കച്ചത്തീവ് കടലതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യന്‍ സംഘത്തിനു നേരെയാണ് ശ്രീലങ്ക വെടിയുതിര്‍ത്തത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി 500ഓളം ബോട്ടുകള്‍ മത്സ്യബന്ധനത്തിനായി തമിഴ്‌നാട് തീരത്തു നിന്ന് പുറപ്പെട്ടിരുന്നു. വെടിവയ്പ്പില്‍ ശരവണന്‍ എന്നയാള്‍ക്കും മറ്റു മൂന്നു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.


കഴിഞ്ഞയാഴ്ച മത്സ്യബന്ധനത്തിലേര്‍പ്പെട്ട 15 ഇന്ത്യക്കാരായ തൊഴിലാളികളെ ശ്രീലങ്കന്‍ സൈന്യം പിടികൂടിയിരുന്നു. ശേഷം അവരുടെ തൊഴില്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കുനേരെയുള്ള ശ്രീലങ്കയുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.



Sharing is Caring