മതത്തിന്‍റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നത് ഭീകരം: ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം

ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്രൈസ്തവ സന്യാസിനിമാർക്കെതിരേ ഉണ്ടായ ആക്രമത്തില്‍ പ്രതികരണവുമായി ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം. ഇതോ മതസ്വാതന്ത്യം, മതേതരത്വം എന്ന തലക്കെട്ടില്‍ ദീപിക പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം തന്‍റെ ആശങ്ക പങ്കുവെക്കുന്നത്.

സുരക്ഷിതത്വത്തിനുവേണ്ടി സന്യാസിനികൾക്ക് സന്യാസ വസ്ത്രം മാറ്റി യാത്ര തുടരേണ്ടിവന്നു എന്നത്, മതത്തിന്‍റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന് അദ്ദേഹം പറയുന്നു.. സ്വന്തം ജീവിത വ്യവസ്ഥയ്ക്കു ചേർന്ന സന്യാസ വസ്ത്രം പോലും ധരിക്കാൻ ഭയപ്പെടുന്ന ഒരു ക്രൈസ്തവ വിരുദ്ധ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണോ എന്നും ഇതാണോ മതസ്വാതന്ത്ര്യം, ഇതാണോ ഇന്ത്യയുടെ മതേതരത്വമെന്നും അദ്ദേഹം തന്‍റെ കുറിപ്പിലൂടെ ചോദിക്കുന്നു.

ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്‍റെ കുറിപ്പ് വായിക്കാം:

മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്‍റെയും പേരിൽ വളരെ പ്രശസ്തി നേടിയ രാജ്യമാണ് ഇന്ത്യ. അതിൽ അഭിമാനിക്കുന്നവരാണ് ഈ മൂല്യങ്ങളെ വിലമതിക്കുന്ന ഓരോ ഇന്ത്യൻ പൗരനും. ഒരാൾക്ക് തനിക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും അതു പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശവും സ്വാതന്ത്ര്യവുമാണ് മതസ്വാതന്ത്ര്യം.

രാജ്യത്തിന്‍റേതായി ഒരു ഔദ്യോഗിക മതം ഇല്ലെന്നും ഒരു മതത്തോടും വിവേചനം പുലർത്തുകയില്ലെന്നും എല്ലാ മതങ്ങൾക്കും തുല്യനീതി ലഭിക്കണമെന്നുമുള്ള രാജ്യത്തിന്‍റെ ഭരണഘടനാനുസൃതമായ നയമാണു മതേതരത്വം. മതത്തിന്‍റെ പേരിൽ ആർക്കും അരക്ഷിതത്വവും അനീതിയും അനുഭവിക്കേണ്ടി വരികയില്ലെന്നുള്ള രാജ്യത്തിന്‍റെ ഉറപ്പാണത്. അതതുകാലത്തെ ഭരണാധികാരികൾക്കാണ് അതിനുള്ള ഉത്തരവാദിത്വം.

എന്നാൽ, ഇന്ത്യയിൽ സ്ഥിതിഗതികൾ അത്ര ഭദ്രമല്ല എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. അടുത്തകാലത്തു നടന്ന ഒരു അന്തർദേശീയ സർവേ റിപ്പോർട്ടനുസരിച്ച്, മതസ്വാതന്ത്ര്യം ഏറ്റവും കുറവുള്ളതും ക്രൈസ്തവ പീഡനം ഏറ്റവും കൂടുതൽ നടക്കുന്നതുമായ രാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്രൈസ്തവസന്യാസിനിമാർക്കെതിരേ എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണം ക്രൈസ്തവ പീഡന പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ്.

മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു ആളുകളെ സംഘടിപ്പിച്ച് സന്യാസിനികൾക്കെതിരേ ആക്രമണത്തിനെത്തിയത്. ആധികാരികരേഖകൾ കാണിച്ച് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയിട്ടും അതംഗീകരിക്കാൻ അവർ തയാറായില്ല. സത്യം അറിഞ്ഞു നീതി നിർവഹിക്കേണ്ട പോലീസും അക്രമികളെ പിന്തുണയ്ക്കുകയാണു ചെയ്തതെന്നത് ശരിയെങ്കിൽ അത് ഗുരുതരമായ അവസ്ഥയാണ്.

സുരക്ഷിതത്വത്തിനുവേണ്ടി സന്യാസിനികൾ സന്യാസ വസ്ത്രം മാറ്റി യാത്ര തുടരേണ്ടിവന്നു എന്നത്, മതത്തിന്‍റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അഥവാ, സ്വന്തം ജീവിത വ്യവസ്ഥയ്ക്കു ചേർന്ന സന്യാസവസ്ത്രം പോലും ധരിക്കാൻ ഭയപ്പെടുന്ന ഒരു ക്രൈസ്തവവിരുദ്ധ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണോ? ഇതാണോ മതസ്വാതന്ത്ര്യം? ഇന്ത്യയുടെ മതേതരത്വം!

ഇപ്രകാരമുള്ള നിരവധി ദുരാരോപണങ്ങളും ആക്രമണങ്ങളും ക്രൈസ്തവർക്കെതിരേ ഉണ്ടാകുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാൻ ഭരണഘടനയെ മാനിക്കുന്ന ഭരണാധികാരികൾക്കാകുമോ? അല്ലെങ്കിൽ ചിലരുടെയെങ്കിലും നിഗൂഢ പിന്തുണ ഈ മതതീവ്രവാദികൾക്കു ലഭിക്കുന്നുണ്ടോ? എന്തായാലും ഇന്ത്യൻ മതേതരത്വത്തിനുമേൽ കരിനിഴൽ വീഴുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *