മണ്‍വിള തീപിടിത്തം: വായുവില്‍ വിഷവാതകമില്ലെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: മണ്‍വിള തീപിടിത്തത്തെ തുടര്‍ന്ന് വായുവില്‍ വിഷവാതകമില്ലെന്ന് കണ്ടെത്തല്‍. വായുവില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അംശമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ജ് അറിയിച്ചു. ഹൈഡ്രോ കാര്‍ബണിന്റെ സാന്നിധ്യം വായുവില്‍ കണ്ടെത്തി. ഹൈഡ്രോ കാര്‍ബണിന്റെ അളവ് അപകടകരമല്ലാത്ത തോതിലാണുള്ളത്. ഇന്നും വായുപരിശോധന തുടരും.

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. തീകെടുത്തുന്നതിന് ഫാക്ടറിയിലുണ്ടായിരുന്ന സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. കത്തുന്ന വസ്തുക്കള്‍ ഫാക്ടറിയില്‍ കൂടുതലായി സൂക്ഷിച്ചിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സജീവന്‍ വ്യക്തമാക്കിയിരുന്നു.

പ്ലാസ്റ്റിക് ഉല്‍പാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ അമിതമായി ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ആനുപാതികമായുള്ള അഗ്നിശമന സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല. ഇന്ധനവും തീപിടിക്കുന്ന രാസവസ്തുക്കളും അടക്കമുള്ളവ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. അഗ്നിബാധ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചറിയുന്നതിനുള്ള സ്‌മോക് ഡിക്ടറ്റര്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നില്ല. ഫയര്‍ എക്സ്റ്റിംഗ്വിഷറുകള്‍ മാത്രമേ ഫാക്ടറിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 27ന് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന് തീ അണക്കാനുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. പിന്നീട് അവ ഫില്‍ ചെയ്യുന്നതിന് മുമ്പാണ് അടുത്ത തീപിടിത്തം ഉണ്ടായത്. ഇത് സമയത്ത് ഫയര്‍ഫോഴ്സിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തീപിടിത്തം മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും അറിയിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കില്‍ ബുധനാഴ്ചയുണ്ടായ വിധത്തിലുള്ള വലിയ അഗ്നിബാധ ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *