ബ്രസീല്‍ എംബസി ജറുസലേമിലേക്ക‌് മാറ്റുമെന്ന‌് നിയുക്ത പ്രസിഡന്റ‌്


താന്‍ ചുമതലയേറ്റാല്‍ ബ്രസീലിന്റെ ഇസ്രയേലി എംബസി ജറുസലേമിലേക്ക‌് മാറ്റുമെന്ന‌് നിയുക്ത പ്രസിഡന്റ‌് ജെയിര്‍ ബൊള്‍സൊനാരോ.
ഇസ്രയേലി പത്രത്തിന‌് നല്‍കിയ അഭിമുഖത്തിലാണ‌് തീവ്രവലതുപക്ഷക്കാരനും അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപിന്റെ അടുപ്പക്കാരനുമായ ബൊള്‍സൊനാരോ ഇക്കാര്യം വ്യക്തമാക്കിയത‌്. നിലവില്‍ ടെല്‍ അവീവിലാണ‌് ഇസ്രയേലിലെ ബ്രസീല്‍ എംബസി. തങ്ങളുടെ തലസ്ഥാനം ജറുസലേമാണെന്ന‌് ഇസ്രയേല്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിന‌് പിന്നാലെ അമേരിക്ക സ്വന്തം എംബസി ജറുസലേമിലേക്ക‌് മാറ്റിയിരുന്നു. ബ്രസീലും സമാനപാത പിന്തുടരുകയാണ‌്. ഇസ്രയേല്‍ ഹയോം പത്രത്തിന‌് നല്‍കിയ അഭിമുഖത്തിലാണ‌് വന്‍ പ്രതിഷേധമുയരാന്‍ സാധ്യതയുള്ള പ്രഖ്യാപനം.
തലസ്ഥാനം എവിടെയാണെന്ന‌് ഇസ്രയേല്‍ പറയുന്നിടത്താണ‌് തങ്ങളുടെയും എംബസി പ്രവര്‍ത്തിക്കുക എന്ന‌് ബൊള്‍സൊനാരോ വ്യക്തമാക്കി. പലസ‌്തീനില്‍നിന്ന‌് ഇസ്രയേല്‍ ബലപ്രയോഗത്തിലൂടെ കൈയടക്കിവച്ച പ്രദേശമാണ‌് ജറുസലേം. പലസ‌്തീന്‍ രാഷ‌്ട്രത്തിന്റെ തലസ്ഥാനമായി വിഭാവനംചെയ്യുന്നത‌് ജറുസലേമിനെയാണ‌്.


ഞായറാഴ‌്ച നടന്ന തെരഞ്ഞെടുപ്പിലാണ‌് ബൊള്‍സൊനാരോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത‌്. ജനുവരി ഒന്നിന‌് ചുമതലയേല്‍ക്കും. ചടങ്ങില്‍ പങ്കെടുക്കുമെന്നും ഇസ്രയേലും ബ്രസീലും തമ്മില്‍ ഇനി അടുത്ത ബന്ധം പുലര്‍ത്തുമെന്നും ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.




Sharing is Caring