മഞ്ഞപ്പട തുണച്ചു, ബംഗളൂരുവിന് ചരിത്രനേട്ടം


ബംഗളൂരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം കാണാന്‍ ബംഗളൂരുവിലേക്ക് ഒഴുകിയെത്തിയ മഞ്ഞപ്പട ബംഗളൂരു എഫ്‌സിയ്ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത നേട്ടം. ബംഗളൂരു എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഒരു ഐഎസ്എല്‍ മത്സരം കാണാനെത്തിയ ഏറ്റവും അധികം ആരാധകരെന്ന നേട്ടമാണ് ഇന്നലത്തെ മത്സരം സ്വന്തമാക്കിയത്.


25,373 പേരാണ് ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു മത്സരം കാണാന്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. സ്‌റ്റേഡിയത്തില്‍ ആതിഥേയ ആരാധകരെക്കാള്‍ കൂടുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നിറഞ്ഞത് വിജയിച്ചിട്ടും ബംഗളൂരു ടീമിന് നാണക്കേടായി.


ബെംഗളുരു എഫ്.സിയുടെ ശരാശരി ഹോം അറ്റന്‍ഡസ് 17,735 മാത്രമാണ്. ചെന്നൈയനെതിരായ മത്സരത്തില്‍ 22,000-ഓളം പേരെത്തിയതാണ് ഇതിന് മുമ്പത്തെ ഏറ്റവും വലിയ അറ്റന്‍ഡന്‍സ്.

മത്സരശേഷം ഒഴുകിയെത്തിയ ആരാധകര്‍ക്ക് നന്ദി പറയാന്‍ ബംഗളൂരു എഫ്‌സി ടീം മറന്നില്ല. മത്സര ശേഷം ബെംഗളൂരു ആരാധകരെ കയ്യടിച്ച് നന്ദി അറിയിക്കുകയായിരുന്ന ബെംഗളൂരു ടീമിനെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അടുത്തേക്ക് ആനയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് അരാധകര്‍ ഇരുന്നിരുന്ന സ്റ്റാന്‍ഡുകള്‍ക്ക് അടുത്ത് ചെന്ന് ഛേത്രിയും സംഘവും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കയ്യടിച്ച് പിന്തുണ അറിയിച്ചു. ബെംഗളൂരു കോച്ച് റോകയും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അടുത്തെത്തി. മത്സരശേഷം ട്വിറ്ററിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സുനില്‍ ഛേത്രി പ്രശംസിച്ചു.



Sharing is Caring