ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതി, ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

കൊച്ചി: സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. രാവിലെ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിശര ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഡിജിപിയുടെ നിയമ ഉപദേശം കിട്ടിയ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കര്‍ദിനാളിനെതിരെ കേസ് എടുക്കാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടി വിമത വൈദികവിഭാഗം ഇന്ന് കോടതിയില്‍ കോടതിലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി ആറിനാണ് കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസിന്റെ പരാതിയിലായിരുന്നു ഹൈക്കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവില്‍ പൊലീസ് നിയമോപദേശം തേടുകയായിരുന്നു. ഇതിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കേസെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നത് കര്‍ദിനാളിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന വിമര്‍ശനവുമായി വൈദികസമിതി രംഗത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *