ഭീകര സംഘടനകള്‍ ഇന്ത്യയ്‌ക്കെതിരെ സംയുക്ത നീക്കം നടത്തുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെയും ചാര സംഘടനയായ ഐ.എസ്.ഐയുടെയും മേല്‍നോട്ടത്തില്‍ ഭീകരസംഘടനകള്‍ ഇന്ത്യയ്‌ക്കെതിരെ സംയുക്ത നീക്കം നടത്തുന്നതായി വെളിപ്പെടുത്തല്‍. പിടിയിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആഷിഖ് ബാബയെ ചോദ്യംചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് അധികൃതരെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.

ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നുവെന്നാണ് അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തല്‍. പാകിസ്താനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന നടത്തുന്ന പരിശീലന ക്യാമ്ബിന്റെ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ ചോദ്യംചെയ്യലില്‍ വെളിപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി ഭീകരര്‍ ഇന്ത്യയിലെത്തുന്നതിന്റെ ചുമതല അബ്ദുള്ള എന്നയാള്‍ക്കാണെന്നാണ് വെളിപ്പെടുത്തല്‍. 2017 ല്‍ പുല്‍വാമയില്‍ എട്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരനെ സംബന്ധിച്ച സുപ്രധാന വിവരങ്ങളും എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. സൈനിക യൂണിഫോം ധരിച്ചെത്തിയ ഭീകരരാണ് 2017 ഓഗസ്റ്റ് 26 ന് പുലര്‍ച്ചെ സൈനികരും അവരുടെ കുടുംബാംഗങ്ങളും താമസിച്ചിരുന്ന ക്യാമ്പിനുനേരെ ആക്രമണം നടത്തിയത്.പിടിയിലായ ഭീകരന്‍ ആഷിഖ് ബാബ പാക് വിസ സംഘടിപ്പിച്ചതിന്റെയും 2015 നും 2017 നും ഇടയ്ക്ക് പലതവണ പാകിസ്താനിലേക്ക് പോയതിന്റെയും വിവരങ്ങളും എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *