ഭീകരസംഘടനയായ ജമാ അത്ത് ഉദവ പാകിസ്ഥാന്‍ നിരോധിച്ചു

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജമാ അത്ത് ഉദവ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്‍റെ നേതൃത്വത്തിലുള്ള സംഘടനയാണ് ജമാ അത്ത് ഉദവ. പാകിസ്ഥാന്‍ ആഭ്യന്തര കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടു. 1997ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഭീകരപ്രവ‍ര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് നിരോധനം.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാന്‍റെ ദേശീയ ഭീകര വിരുദ്ധ അതോറിറ്റി പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജമാ അത്ത് ഉദവയുടെ പോഷകസംഘടനായ ഫലാ ഇ ഇന്‍സാനയാതിന്‍ ഫൗണ്ടേഷന് പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജമാ അത്ത് ഉദവയുടെ എല്ലാ ആസ്ഥികളും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചു. പാകിസ്ഥാനില്‍ വലിയ സ്വാധീനമുള്ള ഭീകരസംഘടനയാണ് ജമാ അത്ത് ഉദവ. മൂന്നൂറിലേറെ മതപഠന കേന്ദ്രങ്ങളും നിരവധി സ്കൂളുകളും ആശുപത്രികളും ആംബുലന്‍സ് സര്‍വീസുകളും പ്രസിദ്ധീകരണ സ്ഥാപനവുമെല്ലാം ഈ സംഘടനയുടെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ്, മകന്‍ ഹമദ് അസര്‍ എന്നിവരുള്‍പ്പെടെ 44 ഭീകരരെ പാകിസ്ഥാന്‍ കരുതല്‍ തടങ്കലില്‍ എടുത്തതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസൂദ് അസറിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് ഇസ്ലാമാബാദില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത.

പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ അവരുടെ ഇന്ത്യന്‍ സ്ഥാനപതി സൊഹൈല്‍ മുഹമ്മദിനെ തിരിച്ചയക്കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. പാകിസ്ഥാനെതിരെ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ ആണ് ഭീകര സംഘടനകള്‍ക്കെതിരായ പാകിസ്ഥാന്‍റെ നടപടികള്‍. അതേസമയം സംഘര്‍ഷം അയയുന്നു എന്ന് സൂചന നല്‍കുന്ന പാകിസ്ഥാന്‍റെ പ്രസ്താവനകളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *