ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍; അതിര്‍ത്തിയില്‍ വന്‍ തുരങ്കം

ജമ്മുകശ്മീരിലെ , സാംബയില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബിഎസ്എഫ് സൈനികര്‍ വന്‍തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസം ഭീകരര്‍ നുഴഞ്ഞുകയറിയത് ഇതുവഴിയാണെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച രാത്രിയില്‍, സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയ വഴി കണ്ടെത്താന്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് തുരങ്കം കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഡയറകടര്‍ ജനറല്‍ കെ കെ ശര്‍മ്മ അറിയിച്ചു. സാംബ പ്രദേശത്തുണ്ടായ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും തുരങ്കത്തെക്കുറിച്ചും അതിര്‍ത്തിയിലെ പാക്ക് സൈനിക ഉദ്യോഗസ്ഥരെ വിവരമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്നാണ് തുരങ്കം തുടങ്ങുന്നത്. അവസാനിക്കുന്നത് സാംബയിലെ ചാമിയാലിലും.അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് കണ്ടെത്തിയ തുരങ്കത്തിന് രണ്ടടി വലിപ്പമുണ്ട്.75 മീറ്ററോളം നീളവും.

അതിര്‍ത്തി പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ നിര്‍മ്മിക്കുന്നത് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം ചെറുക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയതു പോലുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്നും സ്‌ഫോടകവസ്തുക്കളും ചാവേറുകള്‍ ധരിക്കുന്ന തരത്തിലുള്ള ബെല്‍റ്റുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗുകളും കണ്ടെത്തിയിരുന്നു.നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഈ ഭാഗത്ത് കനത്ത കാവലുണ്ടായിരുന്നു. അതിനാലാണ് ഭീകരരെ ഉടന്‍ തന്നെ വകവരുത്താന്‍ കഴിഞ്ഞത്. അതിര്‍ത്തിയിലെ വേലി മുറിക്കുകയോ നദി വഴി ആരെങ്കിലും അകത്തു കടക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ തുരങ്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിച്ചിരുന്നു. ഒരു കുഴല്‍കിണറിനോട് ചേര്‍ന്നാണ് തുരങ്കം കണ്ടെത്തിയത്. ശര്‍മ്മ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *