ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിഞ്ഞ് വീണ്ടുമൊരു കണ്ണൂരുകാരന്‍

സികെ വീനീതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയാന്‍ വീണ്ടുമൊരു കണ്ണൂരുകാരന്‍. കണ്ണൂര്‍ സ്വദേശി സഹല്‍ അബ്ദുള്‍ സമദാണ് സികെ വീനീതിനു ശേഷം ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിഞ്ഞത്. ബര്‍ബറ്റോവിന് പകരക്കാരനായിട്ടാണ് സഹല്‍ കളത്തിലിറങ്ങിയത്.

കഴിഞ്ഞ വര്‍ഷത്തെ തകര്‍പ്പന്‍ പ്രകടനമാണ് പയ്യന്നൂര്‍ കവ്വായിയിലെ അബ്ദുള്‍ സമദ് സഹലിന് ബ്ളാസ്റ്റേഴ്സിലേക്കുള്ള വഴി തുറന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കേരള ബ്ളാസ്റ്റേഴ്സുമായുള്ള കരാര്‍.

കണ്ണൂര്‍ എസ്‌എന്‍ കോളേജ് ബിബിഎം വിദ്യാര്‍ഥിയായ സഹല്‍ കണ്ണൂര്‍ ജില്ലാ യൂത്ത് ടീമിലൂടെയാണ് കേരളത്തിലെ കളിക്കളത്തില്‍ സാന്നിധ്യമറിയിച്ചത്. കണ്ണൂര്‍ എസ്‌എന്‍ കോളേജിനും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കുംവേണ്ടി കഴിഞ്ഞവര്‍ഷം നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ സന്തോഷ് ട്രോഫിയിലേക്കുള്ള കേരള ടീമിന്റെ ജേഴ്സിയുമണിഞ്ഞു. ഗോവയില്‍ നടന്ന സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ബ്ളാസ്റ്റേഴ്സ് താരനിരയിലേക്ക് സഹലിനെ ഉയര്‍ത്തിയത്.

നേരത്തെ ദുബായിലായിരുന്ന സഹല്‍ സ്കൂള്‍ പഠനകാലത്ത് യുഎഇയിലെ ഇത്തിഹാദ് അക്കാദമിയില്‍ പരിശീലനം നേടിയിരുന്നു. ഇത്തിഹാദ് സൂപ്പര്‍ കപ്പിലെ പ്രകടനത്തിനുശേഷം ഗള്‍ഫ് രാജ്യങ്ങളിലും ആരാധകരേറെയാണ്് സഹലിന്. ജി 7 അല്‍ഐന്‍ ടീമിനുവേണ്ടിയും ഗള്‍ഫ് രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ സഹല്‍ ബൂട്ടണിഞ്ഞു. കവ്വായിയിലെ അബ്ദുസമദിന്റെയും സുഹറയുടെയും മകനാണ് സഹല്‍. ജ്യേഷ്ഠന്‍ ഫാസില്‍ ഇത്തിഹാദ് എയര്‍വെയ്സ് ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *