സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി ബി.പി.എല്‍, അന്നപൂര്‍ണ, അന്ത്യോദയ പദ്ധതിപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും മണ്ണെണ്ണയും കൈക്കലാക്കുന്നവരില്‍ ഭൂരിഭാഗവും അനര്‍ഹര്‍. ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്നത് കോടിക്കണക്കിനു രൂപയുടെ നഷ്ടം. മരിച്ചവരുടെ പേരിലും റേഷന്‍ സാധനങ്ങള്‍ വ്യാപകമായി വാങ്ങുന്നുണ്ട്.
18 വര്‍ഷം മുന്‍പ് തയാറാക്കിയ ബി.പി.എല്‍ പട്ടിക ഉപയോഗിച്ചാണ് 25 കി.ഗ്രാം അരി 14,76,841 കുടുംബങ്ങള്‍ക്കും 35 കി.ഗ്രാം അരി 5,76,056 കുടുംബങ്ങള്‍ക്കും സൗജന്യമായി നല്‍കുന്നത്. പട്ടിക നിലവില്‍വന്നിട്ട് 15 വര്‍ഷം കഴിഞ്ഞിട്ടും പുതുക്കാന്‍ തയാറാകാത്തതാണ് ഇത്രയേറെ അനര്‍ഹര്‍ തുടരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റിട്ടും പട്ടികപുതുക്കാന്‍ യാതൊരു നടപടിയുമില്ല. ഇടക്കാലത്ത് അധ്യാപകരെ ഉപയോഗിച്ച് യഥാര്‍ഥ ബി.പി.എല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ സര്‍വേ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സര്‍വേ റിപ്പോര്‍ട്ട് തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഉണ്ടെങ്കിലും ആ പട്ടികപ്രകാരം അര്‍ഹരായ 12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നില്ലെന്നാണു വാസ്തവം.
വ്യാജ എന്‍.ഇ കാര്‍ഡിലൂടെ പ്രതിമാസം 10 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയും അനര്‍ഹര്‍ കരസ്ഥമാക്കുന്നുണ്ട്. ബി.പി.എല്‍ പട്ടികയില്‍ അരിയും ഗോതമ്പും വാങ്ങുന്ന 20,80,042 കുടുംബങ്ങളില്‍ എട്ടു ലക്ഷത്തോളം കുടുംബങ്ങള്‍ സൗജന്യത്തിന് അര്‍ഹരല്ല. നാല് ലിറ്റര്‍ മണ്ണെണ്ണ വാങ്ങുന്ന 4,81,023 എന്‍.ഇ കാര്‍ഡ് ഉള്ളവരില്‍ 2.5 ലക്ഷം കാര്‍ഡുകളും വ്യാജമാണ്. വീട് വൈദ്യുതീകരിച്ചതല്ലെന്നു രേഖയുണ്ടാക്കിയാണ് എന്‍.ഇ കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്. അരി സബ്‌സിഡിയുടെ പേരില്‍ 15.5 കോടിയും മണ്ണെണ്ണ സബ്‌സിഡിയുടെ പേരില്‍ 4.5 കോടിയും പ്രതിമാസം സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നു. അന്നപൂര്‍ണ പദ്ധതിയിലൂടെ പ്രതിമാസം 10 കി.ഗ്രാം അരിവീതം ലഭിക്കുന്ന 27,145 പേരില്‍ പകുതിയിലേറെയാളുകള്‍ മരിച്ചവരുടെ പട്ടികയിലാണ്. ഇവരുടെ പേരിലുള്ള ഭക്ഷ്യധാന്യവും അനര്‍ഹര്‍ വാങ്ങുകയാണ്. രാഷ്ട്രീയ ഇടപെടലുകളാണ് അനര്‍ഹരെ ഉള്‍പ്പെടുത്തുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്.














