ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്‌ദാനലംഘനത്തിലും സഹികെട്ട്‌ ബി.ഡി.ജെ.എസില്‍ അതൃപ്‌തി പുകയുന്നു

ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്‌ദാനലംഘനത്തിലും സഹികെട്ട്‌ ബി.ഡി.ജെ.എസില്‍ അതൃപ്‌തി പുകയുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ കേരള സന്ദര്‍ശനം കഴിഞ്ഞു തിരികെപ്പോയതോടെ സകല പ്രതീക്ഷകളും തകര്‍ന്ന അവസ്‌ഥയിലാണ്‌ ബി.ഡി.ജെ.എസ്‌. കാസര്‍ഗോട്ടെ കേന്ദ്ര സര്‍വകലാശാലയ്‌ക്കു ശ്രീനാരായണഗുരുവിന്റെ പേരു നല്‍കുമെന്ന പ്രതീക്ഷയും ഒടുവില്‍ അസ്‌ഥാനത്തായി.
ആര്‍. ശങ്കര്‍ പ്രതിമ ഉദ്‌ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്ലത്തെത്തിയപ്പോള്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ്‌. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും പരോക്ഷമായി ഉറപ്പുനല്‍കിയിരുന്നതാണിത്‌. ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പു കാലമായതിനാല്‍ പ്രഖ്യാപനത്തിനു തടസമുള്ളതായും അന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ ആ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചതോടെ ബി.ഡി.ജെ.എസ്‌ നാണക്കേടിലായി. ബോര്‍ഡ്‌, കോര്‍പറേഷന്‍ പദവികള്‍ നല്‍കാമെന്ന വാഗ്‌ദാനവും നാളിതുവരെ പാലിക്കപ്പെട്ടില്ല. അതിലുള്ള ശക്‌തമായ അതൃപ്‌തിയാണ്‌ അമിത്‌ഷായുടെ സന്ദര്‍ശനസമയത്തു വെള്ളാപ്പള്ളി കാട്ടിയത്‌.
അമിത്‌ഷായെ കാണാന്‍പോലും അദ്ദേഹം തയാറായില്ല. ബി.ജെ.പി. നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതില്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പു വേളയില്‍ വെള്ളാപ്പള്ളി ശക്‌തമായി പ്രതിഷേധിച്ചിരുന്നു. കേന്ദ്രതലത്തിലുള്ള പദവികളിലും ബോര്‍ഡുകളിലും ബി.ജെ.പിക്കാരെ മാത്രം നിയമിച്ചതും ബി.ഡി.ജെ.എസിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണമായി. ബി.ജെ.പി. കേരളഘടകത്തിന്റെ പ്രവര്‍ത്തനത്തിലും അമിത്‌ഷായ്‌ക്ക്‌ കടുത്ത അതൃപ്‌തിയാണുള്ളത്‌. എങ്കിലും വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെത്താനും കൂടുതല്‍ ചര്‍ച്ചകള്‍ അപ്പോള്‍ നടത്താമെന്ന വാഗ്‌ദാനമാണ്‌ അമിത്‌ഷാ തുഷാര്‍ വെള്ളാപ്പള്ളിക്കു നല്‍കിയത്‌. എന്നാല്‍ ഇതു വിശ്വസിക്കേണ്ടെന്നാണു വെള്ളാപ്പള്ളിയുടെ അഭിപ്രായം.
ബി.ഡി.ജെ.എസിനെ ബി.ജെ.പി. പൂര്‍ണമായും അവഗണിച്ചതായി അദ്ദേഹം വിലയിരുത്തുന്നു. തുഷാറിനെ മുന്നില്‍ നിര്‍ത്തിയുള്ള സമ്മര്‍ദതന്ത്രങ്ങള്‍ പരാജയപ്പെട്ട വെള്ളാപ്പള്ളി ഇപ്പോള്‍ എല്‍.ഡി.എഫുമായി അടുക്കാനുള്ള ശ്രമത്തിലാണ്‌. അവഗണന സഹിച്ചും എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന ശക്‌തമായ അഭിപ്രായമാണ്‌ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കുമുള്ളത്‌. ഡല്‍ഹിയിലെത്തി അമിത്‌ഷായുമായി അവസാനവട്ട ചര്‍ച്ച നടത്തിയശേഷം അന്തിമ തീരുമാനമെടുക്കാനുള്ള തയാറെടുപ്പിലാണ്‌ തുഷാര്‍ വെള്ളാപ്പള്ളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *