ബി.ജെ.പിയില്‍ തമ്മിലടി ; മുരളീധരനെതിരെ ശ്രീധരന്‍ പിള്ള നേതൃത്വത്തിന് പരാതി നല്‍കി

കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കെതിരായ പ്രസ്താവനയുടെ പേരില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന് വിമര്‍ശനം. കാര്യം കഴിഞ്ഞപ്പോള്‍ കലമുടയ്ക്കുന്ന സമീപനമാണ് മുരളീധരന്റേതെന്ന് പികെ കൃഷ്ണദാസ് കുറ്റപ്പെടുത്തി. മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അതിനിടെ മുരളീധരനെതിരെ ചെങ്ങന്നൂരിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ള കുമ്മനം രാജശേഖരന് പരാതി നല്‍കി.

കെ എം മാണിയെ കൂടെ കൂട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുന്ന ചര്‍ച്ചകളാണ് കോര്‍ കമ്മിറ്റി യോഗത്തിലുണ്ടായത്. വി മുരളീധരന്റെ നിലപാടിനെ കുമ്മനം രാജശേഖരന്‍നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. ആരോടും അയിത്തമില്ലാത്ത നിലപാടാണ് ബിജെപിയുടേത് എന്നാണ് കുമ്മനം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. ഇത് ആവര്‍ത്തിക്കുന്ന വാക്കുകളായിരുന്നു കോര്‍ കമ്മിറ്റി യോഗത്തില്‍ കുമ്മനത്തിന്റേത്.

അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലെന്ന് വി മുരളീധരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്‍ഡിഎയുടെ ആശയ ആദര്‍ശങ്ങള്‍ അംഗീകരിക്കുന്നവരെ മാത്രമേ മുന്നണിയില്‍ ഉള്‍പ്പെടുത്താനാകൂ. കെ എം മാണി മുന്നണിയിലേക്ക് വരണമെങ്കില്‍ നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്റെ അഭിപ്രായപ്രകടനത്തെ എതിര്‍ത്ത് ബിജെപി നേതാവും ചെങ്ങന്നൂരിലെ ബിജെപി നേതാവുമായ പി എസ് ശ്രീധരന്‍ പിള്ളയും രംഗത്തുവന്നിരുന്നു. കെ എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ല. ഇക്കാര്യത്തില്‍ മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു.

പികെ കൃഷ്ണദാസാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കാര്യം കഴിഞ്ഞപ്പോള്‍ കലമുടയ്ക്കുന്ന സമീപനമാണ് മുരളീധരന്‍ സ്വീകരിക്കുന്നതെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. മുരളീധരന് എതിരായ വികാരമാണ് യോഗത്തില്‍ മുരളീധരന് എതിരെ പൊതുവേ ഉയര്‍ന്നത്.

വി മുരളീധരന് എതിരെ പിഎസ് ശ്രീധരന്‍ പിള്ള നേതൃത്വത്തിന് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂരില്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് കുമ്മനം രാജശേഖരനു നല്‍കിയ പരാതിയില്‍ ശ്രീധരന്‍ പിള്ള അറിയിച്ചു. പാര്‍ട്ടി നിര്‍ബന്ധിച്ചതിനാലാണ് താന്‍ സ്ഥാനാര്‍ഥിയായത്. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നെന്നും ശ്രീധരന്‍ പിള്ള പരാതിയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *