ബിഹാര്‍ അഗതി മന്ദിരത്തിലെ പീഡനം: ജീവനക്കാര്‍ക്കെതിരെ കേസ്

ബിഹാറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതി മന്ദിരത്തില്‍ മുപ്പതിലേറെ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു.

മുസാഫര്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതിമന്ദിരത്തിലാണ് ബിഹാര്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച പീഡനപരമ്പര നടന്നത്. അഗതി മന്ദിരത്തില്‍ 42 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. എല്ലാവരും 16 വയസിന് മുകളിലുള്ളവര്‍. ഇവരെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചൂഷണം ചെയ്തത്. മയക്കുമരുന്ന് കുത്തിവച്ചും ലഹരി ഗുളികകള്‍ നല്‍കിയുമാണ് പീഡിപ്പിച്ചിരുന്നത്.

കുട്ടികളെ ക്രൂരമായിട്ടാണ് പീഡിപ്പിച്ചിരുന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബലാല്‍സംഗം, പട്ടിണിക്കിടല്‍, ശരീരം പൊള്ളിക്കല്‍ തുടങ്ങിയ പീഡനങ്ങളാണ് പെണ്‍കുട്ടികള്‍ നേരിട്ടിരുന്നത്. 11 പേരെ പ്രതികളാക്കി പൊലിസ് കേസെടുത്തിരുന്നു. 10 പേര്‍ അറസ്റ്റിലായി. അതിനിടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറി.

മുംബൈ കേന്ദ്രമായുള്ള സാമൂഹിക ശാസ്ത്ര സ്ഥാപനം അടുത്തിടെ അഗതി മന്ദിരത്തില്‍ പരിശോധനയ്ക്ക് വന്നിരുന്നു. ഇവരുമായുള്ള സംസാരത്തിനിടയിലാണ് കുട്ടികള്‍ പീഡന വിവരം സൂചിപ്പിച്ചത്. പിന്നീട് വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് പ്രമുഖര്‍ക്ക് വരെ ബന്ധമുണ്ടെന്ന് വ്യക്തമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *